ഡയബറ്റിക് അൾസർ

എന്താണ് ഡയബറ്റിക് ഫൂട്ട് അൾസർ?

പാദത്തിൽ, കൂടുതലും ഉള്ളംകാലിലോ വിരലുകൾക്കിടയിലോ, ഉണ്ടാകുന്ന തുറന്ന മുറിവോ വ്രണമോ ആണ് ഡയബറ്റിക് ഫൂട്ട് അൾസർ (പ്രമേഹ പാദവ്രണം). രക്തത്തിലെ ഷുഗർ കൂടിനിൽക്കുന്നത് കാലിലെ ഞരമ്പുകൾക്കും രക്തക്കുഴലുകൾക്കും കേടുവരുത്തുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. പ്രമേഹത്തിന്റെ ഗുരുതരമായ ഒരു സങ്കീർണതയാണിത്. നിങ്ങൾക്ക് പ്രമേഹമുണ്ട്, കാലിൽ ഉണങ്ങാത്ത ഒരു വ്രണമോ കുമിളയോ മുറിവോ ശ്രദ്ധയിൽ പെട്ടു എങ്കിൽ, അത് ഗൗരവത്തോടെ എടുക്കണം.

പ്രമേഹത്തിന്റെ ഏറ്റവും സാധാരണമായ സങ്കീർണതകളിൽ ഒന്നാണ് ഡയബറ്റിക് ഫൂട്ട് അൾസർ. ചികിത്സിക്കാതെ വിട്ടാൽ ഈ അൾസറുകൾ എത്ര ഗുരുതരമാകാം എന്ന് പലരും മനസ്സിലാക്കുന്നില്ല എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.

ഡയബറ്റിക് ഫൂട്ട് അൾസർ ഉണ്ടാകുന്നത് എന്തുകൊണ്ട്?

പ്രമേഹം പാദങ്ങളെ പ്രധാനമായും രണ്ടു തരത്തിലാണ് ബാധിക്കുന്നത്: ഞരമ്പുകൾക്കുണ്ടാകുന്ന കേടും രക്തയോട്ടം കുറയുന്നതും. ഇവ മനസ്സിലാക്കുന്നതാണ് അൾസർ തടയാനും ചികിത്സിക്കാനുമുള്ള വഴി.

1. ഞരമ്പുകൾക്കുണ്ടാകുന്ന കേട് (ന്യൂറോപ്പതി)

രക്തത്തിലെ ഷുഗർ കൂടിനിൽക്കുന്നത് പാദത്തിലെ ഞരമ്പുകൾക്ക് കേടുവരുത്തുന്നു. ഇതിനെ ഡയബറ്റിക് ന്യൂറോപ്പതി എന്നു പറയുന്നു. ഞരമ്പുകൾക്ക് കേട് വരുമ്പോൾ പാദത്തിൽ വേദനയോ സമ്മർദ്ദമോ ചൂടും തണുപ്പുമോ അറിയാനുള്ള കഴിവ് (സ്പർശനശേഷി) കുറയുന്നു. അതായത്, മൂർച്ചയുള്ള എന്തെങ്കിലുമിൽ ചവിട്ടിയാലോ, കുമിള വന്നാലോ, പാദത്തിന് എന്തെങ്കിലും പരിക്ക് പറ്റിയാലോ നിങ്ങൾ അറിയണമെന്നില്ല. സാധാരണ ഗതിയിൽ വേദനിക്കുകയും ചികിത്സ തേടാൻ തോന്നിക്കുകയും ചെയ്യുന്ന കാര്യം ശ്രദ്ധയിൽ പെടാതെ പോകുന്നു. ഒരു ചെറിയ മുറിവോ, അമർന്നുണ്ടാകുന്ന ഒരു വ്രണമോ, നിങ്ങൾ അറിയാതെ തന്നെ പതുക്കെ ഗുരുതരമായ അൾസറായി മാറാം.

2. രക്തയോട്ടം കുറയുന്നത് (രക്തക്കുഴലുകളുടെ അസുഖം)

പ്രമേഹം രക്തക്കുഴലുകൾക്കും കേടുവരുത്തുന്നു. അവ ചുരുങ്ങി പാദത്തിലേക്കുള്ള രക്തയോട്ടം കുറയുന്നു. മുറിവ് ഉണങ്ങാൻ നല്ല രക്തയോട്ടം അത്യാവശ്യമാണ്. രക്തയോട്ടം കുറയുമ്പോൾ മുറിവുകൾ വളരെ പതുക്കെയേ ഉണങ്ങൂ. സ്വയം കേടുപാട് തീർക്കാൻ വേണ്ടത്ര ഓക്സിജനും പോഷകങ്ങളും പാദത്തിന് കിട്ടുന്നില്ല. ശരീരത്തിന് മുറിവ് ഉണക്കാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട്, ചെറിയൊരു പരിക്കുപോലും ഉണങ്ങാത്ത മുറിവായി മാറാം.

ആർക്കാണ് ഡയബറ്റിക് ഫൂട്ട് അൾസർ വരാൻ സാധ്യത കൂടുതൽ?

ചില കാര്യങ്ങൾ ഡയബറ്റിക് ഫൂട്ട് അൾസർ വരാനുള്ള സാധ്യത കൂട്ടുന്നു:

  1. ഷുഗർ നിയന്ത്രണത്തിലല്ലാത്തത് – നിയന്ത്രിക്കാത്ത ഉയർന്ന ഷുഗർ ഞരമ്പുകൾക്കും രക്തക്കുഴലുകൾക്കുമുള്ള കേട് കൂട്ടുന്നു
  2. എത്ര കാലമായി പ്രമേഹമുണ്ട് – പ്രമേഹം തുടങ്ങിയിട്ട് എത്ര കൂടുതൽ കാലമായോ, അത്രയും സാധ്യത കൂടും
  3. പാദത്തിന്റെ രൂപവ്യത്യാസങ്ങൾ – ബനിയൻ (തള്ളവിരലിന്റെ ചുവട്ടിലെ മുഴ), ഹാമർടോ (വളഞ്ഞ വിരലുകൾ) പോലുള്ള രൂപവ്യത്യാസങ്ങൾ ചില ഭാഗങ്ങളിൽ സമ്മർദ്ദം കൂട്ടുന്നു
  4. പാദം വൃത്തിയായി സൂക്ഷിക്കാത്തത് – പാദം പതിവായി പരിശോധിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാത്തത്
  5. യോജിക്കാത്ത ചെരുപ്പും ഷൂസും – ശരിയായി പാകമാകാത്തതോ വളരെ ഇറുകിയതോ ആയവ
  6. മുൻപ് അൾസർ വന്നിട്ടുള്ളത് – ഒരിക്കൽ വന്നിട്ടുണ്ടെങ്കിൽ വീണ്ടും വരാൻ സാധ്യത കൂടുതലാണ്
  7. പുകവലി – പുകവലി രക്തയോട്ടം വീണ്ടും കുറയ്ക്കുന്നു
  8. വൃക്കരോഗം (കിഡ്നി രോഗം) – പലപ്പോഴും പ്രമേഹത്തോടൊപ്പം ഉണ്ടാകുകയും സങ്കീർണതകൾ കൂട്ടുകയും ചെയ്യുന്നു
  9. കാഴ്ചക്കുറവ് – പാദം നന്നായി കാണാൻ പറ്റാത്തതുകൊണ്ട് പ്രശ്നങ്ങൾ നേരത്തെ ശ്രദ്ധിക്കാൻ ബുദ്ധിമുട്ടാകുന്നു
  10. അമിതവണ്ണം – കൂടുതലുള്ള ശരീരഭാരം പാദങ്ങളിലെ സമ്മർദ്ദം കൂട്ടുന്നു

ഇവയിൽ ഏതെങ്കിലും നിങ്ങൾക്ക് ബാധകമാണെങ്കിൽ, പാദങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.

ശ്രദ്ധിക്കേണ്ട അപായസൂചനകൾ എന്തൊക്കെ?

ഡയബറ്റിക് ഫൂട്ട് അൾസർ നേരത്തെ കണ്ടുപിടിക്കുന്നത് വളരെ പ്രധാനമാണ്. ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക:

  1. പാദത്തിലോ വിരലുകൾക്കിടയിലോ ചുവപ്പോ നിറവ്യത്യാസമോ
  2. പാദത്തിലോ കണങ്കാലിലോ നീര്
  3. പാദത്തിന്റെ ഒരു ഭാഗത്ത് ചൂട്
  4. ചർമ്മത്തിൽ എന്തെങ്കിലും പൊട്ടൽ, എത്ര ചെറുതാണെങ്കിലും
  5. മാറാതെ നിൽക്കുന്ന കുമിളകളോ തഴമ്പുകളോ
  6. മുറിവിൽ നിന്ന് നീരോ ഒലിപ്പോ വരുന്നത്
  7. പാദത്തിൽ നിന്ന് ദുർഗന്ധം
  8. വേദനയോ തൊടുമ്പോൾ വേദനയോ (അറിയാൻ കഴിയുമെങ്കിൽ)
  9. ചർമ്മം കറുത്തുവരുന്നതോ കോശങ്ങൾ നശിക്കുന്നതോ
  10. ചെറുതാകുന്നതിനു പകരം വലുതായി വരുന്ന മുറിവ്

ഇവയിൽ ഏതെങ്കിലും ശ്രദ്ധയിൽ പെട്ടാൽ കാത്തിരിക്കരുത്.

ഉടൻ തന്നെ നിങ്ങളുടെ ഡോക്ടറെ കാണുകയോ ഞങ്ങളുടെ ക്ലിനിക്കിൽ വരികയോ ചെയ്യുക. നേരത്തെയുള്ള ചികിത്സ അണുബാധ, കാൽ മുറിച്ചുമാറ്റൽ, കാലിന്റെ പ്രവർത്തനശേഷി നഷ്ടപ്പെടൽ തുടങ്ങിയ ഗുരുതരമായ സങ്കീർണതകൾ തടയാൻ സഹായിക്കും.

അൾസർ ചികിത്സിക്കാതെ വിട്ടാൽ എന്തു സംഭവിക്കാം?

ഡയബറ്റിക് ഫൂട്ട് അൾസർ ഗൗരവത്തോടെ എടുക്കേണ്ടതിന്റെ കാരണം ഇതാണ്. ചികിത്സിക്കാതെ വിട്ടാൽ ഇവ ഉണ്ടാകാം:

1. അണുബാധ

പാദത്തിലെ തുറന്ന മുറിവിൽ എളുപ്പത്തിൽ അണുക്കൾ കയറാം. അണുബാധ ഉണ്ടായാൽ അത് വേഗത്തിൽ പടരുകയും ജീവന് അപകടമാകുകയും ചെയ്യാം. സെല്ലുലൈറ്റിസ് (ചർമ്മത്തിൽ പടരുന്ന അണുബാധ), ഓസ്റ്റിയോമൈലൈറ്റിസ് (എല്ലിലെ അണുബാധ), സെപ്സിസ് (രക്തത്തിലെ അണുബാധ) എന്നിവ വരെ ഉണ്ടാകാം.

2. കാൽ മുറിച്ചുമാറ്റൽ (ആംപ്യൂട്ടേഷൻ)

അണുബാധ പടരുകയോ, നിയന്ത്രിക്കാൻ കഴിയാതെ വരികയോ, കോശങ്ങൾ നശിക്കുകയോ ചെയ്യുന്ന ഗുരുതരമായ അവസ്ഥകളിൽ വിരലോ പാദമോ കാലിന്റെ ഒരു ഭാഗമോ മുറിച്ചുമാറ്റേണ്ടി വരാം. ജീവിതം തന്നെ മാറ്റിമറിക്കുന്ന ഈ അവസ്ഥ, നേരത്തെയുള്ള ചികിത്സയിലൂടെ മിക്കവാറും എപ്പോഴും തടയാൻ കഴിയും.

3. ആശുപത്രിയിൽ കിടക്കേണ്ടി വരുന്നത്

ഗുരുതരമായ പ്രമേഹ പാദ പ്രശ്നങ്ങൾക്ക് പലപ്പോഴും ആശുപത്രിയിൽ അഡ്മിറ്റ് ആയി തീവ്രമായ ചികിത്സയും നിരീക്ഷണവും വേണ്ടിവരും.

ഇതൊന്നും നിങ്ങളെ പേടിപ്പിക്കാനല്ല, നേരത്തെയുള്ള ചികിത്സ എത്ര പ്രധാനമാണ് എന്ന് ഓർമ്മിപ്പിക്കാനാണ്. ആശ്വാസകരമായ കാര്യം, കൃത്യസമയത്തുള്ള വിദഗ്ധ ചികിത്സയിലൂടെ ഈ സങ്കീർണതകളിൽ മിക്കതും തടയാനോ കുറയ്ക്കാനോ കഴിയും എന്നതാണ്.

കാലിൽ അൾസർ വരാതെ എങ്ങനെ തടയാം?

ഡയബറ്റിക് ഫൂട്ട് അൾസർ ചികിത്സിക്കുന്നതിനേക്കാൾ വളരെ എളുപ്പമാണ് അത് വരാതെ തടയുന്നത്. നിങ്ങൾക്ക് ചെയ്യാവുന്നത്:

1. ഷുഗർ നിയന്ത്രണത്തിൽ വെക്കുക

ഇതാണ് ഏറ്റവും പ്രധാനം. ഡോക്ടറുടെ സഹായത്തോടെ ഷുഗർ ശരിയായ അളവിൽ നിർത്തുന്നത് ഞരമ്പുകൾക്കും രക്തക്കുഴലുകൾക്കുമുള്ള കേട് കുറയ്ക്കുന്നു. മുറിവ് ഉണ്ടായാൽ അത് ഉണങ്ങാനുള്ള ഏറ്റവും നല്ല സാഹചര്യം ശരീരത്തിന് നൽകുകയും ചെയ്യുന്നു.

2. ദിവസവും പാദം പരിശോധിക്കുക

വിരലുകൾക്കിടയിലും ഉള്ളംകാലിലും ഉൾപ്പെടെ ദിവസവും പാദം പരിശോധിക്കുക. ഉള്ളംകാൽ എളുപ്പത്തിൽ കാണാൻ കഴിയുന്നില്ലെങ്കിൽ ഒരു കണ്ണാടി ഉപയോഗിക്കുക. മുറിവുകൾ, കുമിളകൾ, ചുവപ്പ്, നീര്, അല്ലെങ്കിൽ എന്തെങ്കിലും മാറ്റം ഉണ്ടോ എന്ന് നോക്കുക. കാഴ്ചക്കുറവുണ്ടെങ്കിൽ മറ്റൊരാളുടെ സഹായം തേടുക.

3. ദിവസവും പാദം കഴുകുക

ദിവസവും ഇളംചൂടുവെള്ളത്തിൽ (ചൂടുവെള്ളത്തിലല്ല) പാദം കഴുകുക. വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിക്കുക. പ്രത്യേകിച്ച് വിരലുകൾക്കിടയിൽ, നന്നായി തുടച്ചുണക്കുക. ഏറെ നേരം പാദം വെള്ളത്തിൽ മുക്കിവെക്കരുത്; അത് ചർമ്മത്തിന് കേടുവരുത്താം.

4. പാദത്തിൽ മോയിസ്ചറൈസർ പുരട്ടുക

മണമില്ലാത്ത ഒരു മോയിസ്ചറൈസർ ദിവസവും പാദത്തിൽ പുരട്ടുക. പക്ഷേ വിരലുകൾക്കിടയിൽ പുരട്ടരുത്; അവിടെയുള്ള നനവ് ഫംഗസ് ബാധയ്ക്ക് കാരണമാകാം.

5. നഖം ശ്രദ്ധിച്ച് വെട്ടുക

നഖം നേരെ കുറുകെ വെട്ടുക, വളരെ ചെറുതാക്കരുത്. സ്വയം സുരക്ഷിതമായി വെട്ടാൻ ബുദ്ധിമുട്ടാണെങ്കിൽ, പരിശീലനം ലഭിച്ച ഒരാളെക്കൊണ്ട് വെട്ടിക്കുക.

6. യോജിച്ച ചെരുപ്പും ഷൂസും ധരിക്കുക

നന്നായി പാകമാകുന്ന, അധികം ഇറുകിയതോ അയഞ്ഞതോ അല്ലാത്ത ഷൂസ് ധരിക്കുക. പാദത്തിന് പരിക്കേൽക്കാൻ ഇടയാക്കുന്ന, വിരലുകൾ തുറന്നിരിക്കുന്ന ചെരുപ്പുകളും സാൻഡലുകളും ഒഴിവാക്കുക. ധരിക്കുന്നതിനു മുൻപ്, മൂർച്ചയുള്ളതോ മറ്റോ ആയ എന്തെങ്കിലും ഉള്ളിലുണ്ടോ എന്ന് ഷൂസിനകത്ത് നോക്കുക. വൃത്തിയുള്ള, ഉണങ്ങിയ സോക്സ് ധരിക്കുക.

7. നഗ്നപാദരായി നടക്കരുത്

വീടിനകത്തുപോലും എപ്പോഴും ഷൂസോ ചെരുപ്പോ ധരിക്കുക. ചെരുപ്പിടാതെ നടക്കുന്നത് പരിക്കേൽക്കാനുള്ള സാധ്യത കൂട്ടുന്നു.

8. ശരീരം അനങ്ങി പ്രവർത്തിക്കുക

പതിവായുള്ള ലഘുവ്യായാമം രക്തയോട്ടം മെച്ചപ്പെടുത്തുകയും ശരീരഭാരം ശരിയായ അളവിൽ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. നടത്തം വളരെ നല്ലതാണ്, പക്ഷേ ശരിയായ ഷൂസ് ധരിക്കുക.

9. പുകവലിക്കരുത്

പുകവലി രക്തയോട്ടം വളരെയധികം കുറയ്ക്കുന്നു. നിങ്ങൾ പുകവലിക്കുന്നുണ്ടെങ്കിൽ, അത് നിർത്തുന്നതാണ് പാദങ്ങളുടെ ആരോഗ്യത്തിനായി നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്ന്.

10. പതിവായി ഡോക്ടറെ കാണുക

ഡോക്ടറെ കാണുമ്പോഴെല്ലാം പാദം പരിശോധിപ്പിക്കുക. പാദത്തിലെ സ്പർശനശേഷിയും രക്തയോട്ടവും പരിശോധിക്കാൻ ഡോക്ടറോട് ആവശ്യപ്പെടുക. പ്രമേഹമുള്ളവർ വർഷത്തിലൊരിക്കൽ ഒരു സ്പെഷ്യലിസ്റ്റിനെക്കൊണ്ട് പാദം പരിശോധിപ്പിക്കുന്നത് നല്ലതാണ്.

ഡയബറ്റിക് ഫൂട്ട് അൾസർ എങ്ങനെ ചികിത്സിക്കുന്നു?

ഡയബറ്റിക് ഫൂട്ട് അൾസർ വന്നുകഴിഞ്ഞാൽ വിദഗ്ധ ചികിത്സ അത്യാവശ്യമാണ്. പ്രമേഹ മുറിവുകളുടെ ചികിത്സയിൽ ഞങ്ങൾ എല്ലാ വശങ്ങളും പരിഗണിക്കുന്നു:

1. വിശദമായ പരിശോധന

അൾസറിന്റെ ആഴം, വ്യാപ്തി, അതിനുള്ള അടിസ്ഥാന കാരണങ്ങൾ എന്നിവ മനസ്സിലാക്കാൻ ഞങ്ങൾ അത് ശ്രദ്ധയോടെ പരിശോധിക്കും. ഫലപ്രദമായ ഒരു ചികിത്സാ പദ്ധതി തയ്യാറാക്കാൻ ഇത് സഹായിക്കും.

2. അടിസ്ഥാന കാരണങ്ങൾ പരിഹരിക്കൽ

ഷുഗർ ഏറ്റവും നല്ല രീതിയിൽ നിയന്ത്രിക്കാനും രക്തയോട്ടം വിലയിരുത്താനും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ ഡോക്ടറോടുമൊപ്പം പ്രവർത്തിക്കും. മുറിവ് ഉണങ്ങാൻ, പ്രമേഹവും രക്തക്കുഴലുകളുടെ പ്രശ്നങ്ങളും ചികിത്സിക്കുന്നത് വളരെ പ്രധാനമാണ്.

3. മുറിവ് വൃത്തിയാക്കി ഒരുക്കൽ

ഞങ്ങൾ മുറിവ് വൃത്തിയാക്കുകയും ചത്തതോ അണുബാധയേറ്റതോ ആയ കോശങ്ങൾ (മൃതചർമ്മം) നീക്കം ചെയ്യുകയും ചെയ്യും. മുറിവ് ഉണങ്ങാൻ ഏറ്റവും നല്ല സാഹചര്യം ഇത് ഒരുക്കുന്നു.

4. പ്രത്യേക മുറിവ് പരിചരണം

മുറിവ് ഉണങ്ങാൻ സഹായിക്കുന്ന നൂതന ഡ്രസ്സിംഗ് രീതികളും വസ്തുക്കളും ഞങ്ങൾ ഉപയോഗിക്കുന്നു. അൾസറിന്റെ സ്വഭാവം അനുസരിച്ച് പ്രത്യേക ഡ്രസ്സിംഗുകളോ, നെഗറ്റീവ് പ്രഷർ തെറാപ്പിയോ, മറ്റ് നൂതന ചികിത്സകളോ ഉപയോഗിച്ചേക്കാം.

5. അണുബാധയുടെ ചികിത്സ

അൾസറിൽ അണുബാധയുണ്ടെങ്കിൽ, ഗുരുതരമായ സങ്കീർണതകൾ തടയാൻ ഞങ്ങൾ അത് ശക്തമായി ചികിത്സിക്കും. ഇതിൽ ആന്റിബയോട്ടിക്കുകളും, ചില സന്ദർഭങ്ങളിൽ സർജറിയും ഉൾപ്പെടാം.

6. തുടർപരിശോധനയും നിരീക്ഷണവും

മുറിവ് എങ്ങനെ മാറുന്നു എന്ന് നോക്കാനും ആവശ്യമനുസരിച്ച് ചികിത്സ മാറ്റാനും ഞങ്ങൾ നിങ്ങളെ പതിവായി കാണും. മുറിവ് നന്നായി ഉണങ്ങാൻ മുടങ്ങാതെയുള്ള തുടർപരിശോധന അത്യാവശ്യമാണ്.

7. അറിവും പ്രതിരോധവും

പാദം ശരിയായി പരിചരിക്കേണ്ടത് എങ്ങനെയെന്ന് ഞങ്ങൾ പഠിപ്പിച്ചുതരും. ഭാവിയിൽ അൾസർ വരാതെ എങ്ങനെ തടയാം എന്ന് മനസ്സിലാക്കാനും സഹായിക്കും.

ഡയബറ്റിക് ഫൂട്ട് അൾസർ ഉണങ്ങുമോ?

ഡയബറ്റിക് ഫൂട്ട് അൾസർ വന്നു എന്നതുകൊണ്ട് കാൽ മുറിച്ചുമാറ്റേണ്ടി വരുമെന്നോ കാലിന്റെ പ്രവർത്തനശേഷി നഷ്ടപ്പെടുമെന്നോ അർത്ഥമില്ല. നേരത്തെയുള്ള വിദഗ്ധ ചികിത്സയിലൂടെ മിക്കവർക്കും മുറിവ് നന്നായി ഉണങ്ങുന്നു. പ്രധാനപ്പെട്ട കാര്യങ്ങൾ ഇവയാണ്:

  1. വേഗം പ്രവർത്തിക്കുക – എന്തെങ്കിലും പ്രശ്നം ശ്രദ്ധയിൽ പെട്ടാൽ കാത്തിരിക്കരുത്
  2. ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കുക – അപ്പോയിന്റ്മെന്റുകൾക്ക് വരികയും ചികിത്സാ പദ്ധതി പിന്തുടരുകയും ചെയ്യുക
  3. പ്രമേഹം നിയന്ത്രിക്കുക – ഷുഗർ സ്ഥിരമായി നിർത്താൻ ഡോക്ടറുടെ സഹായം തേടുക
  4. പാദം നന്നായി പരിചരിക്കുക – ദിവസവുമുള്ള പരിശോധനയും വൃത്തിയും അത്യാവശ്യമാണ്
  5. ക്ഷമയോടെ കാത്തിരിക്കുക – ഉണങ്ങാൻ സമയമെടുക്കും, പക്ഷേ ശരിയായ പരിചരണത്തിലൂടെ മുറിവ് ഉണങ്ങും

നിങ്ങളുടെ പാദങ്ങളാണ് ജീവിതത്തിലുടനീളം നിങ്ങളെ ചുമക്കുന്നത്. പ്രത്യേകിച്ച് പ്രമേഹമുള്ളപ്പോൾ, അവയ്ക്ക് പരിചരണവും ശ്രദ്ധയും വേണം. ഇന്ന് കാണുന്ന ഒരു ചെറിയ വ്രണം ശ്രദ്ധിക്കാതെ വിട്ടാൽ നാളെ ഗുരുതരമായ പ്രശ്നമാകാം. എന്നാൽ അതേ ചെറിയ വ്രണം നേരത്തെ കണ്ടെത്തി ശരിയായി ചികിത്സിച്ചാൽ, ഒരു സങ്കീർണതയുമില്ലാതെ പൂർണ്ണമായി ഉണങ്ങാം.

അണുബാധയേറ്റ ഡയബറ്റിക് അൾസർ
അണുബാധയേറ്റ ഡയബറ്റിക് അൾസർ
ഫ്ലാപ്പ് സർജറിയിലൂടെ ചികിത്സിച്ച ഡയബറ്റിക് ഫൂട്ട് അൾസർ
ഫ്ലാപ്പ് സർജറിയിലൂടെ ചികിത്സിച്ച ഡയബറ്റിക് ഫൂട്ട് അൾസർ

എപ്പോൾ ഡോക്ടറെ കാണണം?

അത്യാവശ്യം – ഉടൻ ആശുപത്രിയിൽ പോകുക

  • പാദം ചുവന്ന്, ചൂടായി, നീര് വെക്കുകയും ഒപ്പം പനിയോ വല്ലാത്ത ക്ഷീണമോ ഉണ്ടാകുകയും ചെയ്താൽ
  • പാദത്തിലെ ചർമ്മം കറുത്തോ ചാരനിറത്തിലോ ആകുന്നുവെങ്കിൽ
  • പാദം പെട്ടെന്ന് തണുത്ത്, വിളറി അല്ലെങ്കിൽ നീലിച്ച്, വേദനിക്കുന്നുവെങ്കിൽ
  • മയക്കമോ ഛർദ്ദിയോ, അല്ലെങ്കിൽ ഷുഗർ വളരെ കൂടുതലോ വളരെ കുറവോ ആണെങ്കിൽ

1–2 ദിവസത്തിനുള്ളിൽ ഡോക്ടറെ കാണുക

  • ചർമ്മത്തിൽ എന്തെങ്കിലും പൊട്ടൽ, എത്ര ചെറുതാണെങ്കിലും
  • പാദത്തിലോ വിരലുകൾക്കിടയിലോ ചുവപ്പ്, നീര് അല്ലെങ്കിൽ ചൂട്
  • പാദത്തിൽ നിന്ന് ഒലിപ്പ്, നീര് വരുന്നത് അല്ലെങ്കിൽ ദുർഗന്ധം
  • മാറാതെ നിൽക്കുന്ന കുമിളകളോ തഴമ്പുകളോ
  • വലുതായി വരുന്ന മുറിവ്

വീട്ടിൽ ശ്രദ്ധിക്കാം, മാറ്റങ്ങൾ ഉണ്ടോ എന്ന് നോക്കുക

  • വിരലുകൾക്കിടയിലും ഉള്ളംകാലിലും ഉൾപ്പെടെ ദിവസവും പാദം പരിശോധിക്കുക. ആവശ്യമെങ്കിൽ കണ്ണാടി ഉപയോഗിക്കുക.
  • ദിവസവും ഇളംചൂടുവെള്ളത്തിൽ പാദം കഴുകി, വിരലുകൾക്കിടയിൽ നന്നായി തുടച്ചുണക്കുക.
  • വീടിനകത്തുപോലും എപ്പോഴും ചെരുപ്പ് ധരിക്കുക.
  • ഷുഗർ നിയന്ത്രണത്തിൽ വെക്കുക.

മുഴുവൻ വായിക്കാം: എപ്പോൾ ഡോക്ടറെ കാണണം?

സംശയങ്ങളുണ്ടോ? വിളിക്കുക, അല്ലെങ്കിൽ വാട്ട്സ്ആപ്പ് ചെയ്യുക

ബുക്ക് ചെയ്യാൻ 86060 29762 എന്ന നമ്പറിൽ വിളിക്കുക, അല്ലെങ്കിൽ വാട്ട്സ്ആപ്പ് ചെയ്യുക. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ അനിദേവ് മറുപടി നൽകും.

വിളിക്കുക 86060 29762