ഉണങ്ങാത്ത മുറിവുകൾ

എന്താണ് ഉണങ്ങാത്ത മുറിവ്?

12 ആഴ്ച കഴിഞ്ഞിട്ടും ഉണങ്ങാത്ത മുറിവിനെ ക്രോണിക് വൂണ്ട് (chronic wound) അഥവാ ഉണങ്ങാത്ത മുറിവ് എന്നു വിളിക്കുന്നു. ഇത്തരം മുറിവുകൾ രോഗികളെ വളരെയധികം ബുദ്ധിമുട്ടിക്കുകയും സജീവമായ, സാധാരണ ജീവിതം ജീവിക്കാൻ കഴിയാതാക്കുകയും ചെയ്യുന്നു. മുറിവിനു ചുറ്റും വേദന വളരെ സാധാരണമാണ്. സാധാരണ ഗതിയിൽ മുറിവുകൾ ഉണങ്ങുമ്പോൾ പതുക്കെ പാടുകളായി (വടു) മാറുന്നു. എന്നാൽ ഉണങ്ങാത്ത മുറിവുകളിൽ ഈ സ്വാഭാവികമായ ഉണങ്ങൽ തുടക്കത്തിൽ തന്നെ നിന്നുപോകുന്നു.

പരിചരിച്ചിട്ടും ആഴ്ചകളോ മാസങ്ങളോ ആയി മാറാത്ത ഒരു മുറിവ് നിങ്ങൾക്കുണ്ടെങ്കിൽ, അത് എത്ര നിരാശയും മടുപ്പും ഉണ്ടാക്കും എന്ന് നിങ്ങൾക്കറിയാം. ഉണങ്ങാത്ത മുറിവുകൾ ശരീരത്തെ മാത്രമല്ല, നിങ്ങളുടെ മനസ്സിനെയും ജോലിയെയും ജീവിതനിലവാരത്തെയും മൊത്തത്തിൽ ബാധിക്കുന്നു.

ചില മുറിവുകൾ ഉണങ്ങാത്തത് എന്തുകൊണ്ട്?

സാധാരണ ഗതിയിൽ, ശരീരത്തിനുള്ളിലെ സങ്കീർണമായ ഒരു പ്രക്രിയയിലൂടെയാണ് മുറിവുകൾ ഉണങ്ങുന്നത്. ഉണങ്ങാൻ ആവശ്യമായ സാഹചര്യങ്ങൾ ഇല്ലാതാകുമ്പോൾ ഈ പ്രക്രിയ തകരാറിലാകുകയും മുറിവ് ഉണങ്ങാതെ നിൽക്കുകയും ചെയ്യുന്നു. ഈ പ്രശ്നങ്ങൾ മുറിവിൽ തന്നെയാകാം, അല്ലെങ്കിൽ ശരീരത്തിനുള്ളിലെ മറ്റ് അസുഖങ്ങളിൽ നിന്നാകാം.

ഉണങ്ങാത്ത മുറിവുകളുടെ ഏറ്റവും സാധാരണമായ കാരണങ്ങൾ ഇവയാണ്:

1. ഇസ്കീമിയ (രക്തയോട്ടക്കുറവ്)

ഏറ്റവും സാധാരണമായ കാരണങ്ങളിൽ ഒന്നാണിത്. മുറിവുള്ള ഭാഗത്തേക്കുള്ള രക്തയോട്ടം കുറയുമ്പോൾ, ഉണങ്ങാൻ ആവശ്യമായ ഓക്സിജനും പോഷകങ്ങളും കോശങ്ങൾക്ക് കിട്ടുന്നില്ല. രക്തക്കുഴലുകൾ ചുരുങ്ങുകയോ അടയുകയോ ചെയ്യുന്നത്, അഥെറോസ്ക്ലീറോസിസ് (രക്തക്കുഴലുകളിൽ കൊഴുപ്പ് അടിയുന്നത്), രക്തക്കുഴലുകളുടെ മറ്റ് അസുഖങ്ങൾ എന്നിവ കൊണ്ട് ഇസ്കീമിയ ഉണ്ടാകാം. ആവശ്യത്തിന് രക്തം എത്തിയില്ലെങ്കിൽ ഏറ്റവും ചെറിയ മുറിവു പോലും ഉണങ്ങില്ല.

2. പ്രമേഹം (ഡയബറ്റിസ്)

പ്രമേഹമുള്ളവർക്ക് മുറിവ് ഉണങ്ങാൻ പ്രത്യേക ബുദ്ധിമുട്ടുകളുണ്ട്. ഉയർന്ന ഷുഗർ രക്തക്കുഴലുകൾക്കും ഞരമ്പുകൾക്കും കേടുവരുത്തി, മുറിവ് ഉണക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുന്നു. കൂടാതെ, പ്രമേഹം രോഗപ്രതിരോധശേഷി കുറയ്ക്കുന്നതുകൊണ്ട് അണുബാധയ്ക്കുള്ള സാധ്യതയും കൂടുന്നു. സാധാരണ ദിവസങ്ങൾക്കുള്ളിൽ ഉണങ്ങുന്ന ഒരു ചെറിയ മുറിവ്, പ്രമേഹമുള്ള ഒരാളിൽ ഗുരുതരമായ, ഉണങ്ങാത്ത മുറിവായി മാറാം.

3. വീനസ് ഇൻസഫിഷ്യൻസി (Venous insufficiency)

കാലുകളിലെ സിരകൾക്ക് (വെയിനുകൾ) രക്തം ശരിയായി ഹൃദയത്തിലേക്ക് തിരിച്ചെത്തിക്കാൻ കഴിയാത്ത അവസ്ഥയാണിത്. രക്തം കാലുകളിൽ കെട്ടിനിന്ന് സമ്മർദ്ദം ഉണ്ടാക്കുകയും ചർമ്മത്തിന് കേടുവരുത്തുകയും ചെയ്യുന്നു. ഇത്തരം മുറിവുകൾ സാധാരണ കാലിന്റെ താഴ്ഭാഗത്തോ കണങ്കാലിലോ ആണ് കാണുന്നത്, വെള്ളം ഒലിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇവയ്ക്ക് പലപ്പോഴും ചൊറിച്ചിലും വേദനയും ഉണ്ടാകും. ശരിയായ ചികിത്സയില്ലെങ്കിൽ വളരെ പതുക്കെയേ ഉണങ്ങൂ.

4. വാസ്കുലൈറ്റിസ് (രക്തക്കുഴലുകളിലെ നീർക്കെട്ട്)

ശരീരത്തിന്റെ പ്രതിരോധശേഷി സ്വന്തം ശരീരത്തിനെതിരെ പ്രവർത്തിക്കുന്ന (ഓട്ടോഇമ്മ്യൂൺ) ഈ അസുഖം ശരീരത്തിലെ രക്തക്കുഴലുകളിൽ നീർക്കെട്ടും കേടും ഉണ്ടാക്കുന്നു. രക്തക്കുഴലുകളിൽ നീർക്കെട്ട് ഉണ്ടാകുമ്പോൾ അവ ശരിയായി പ്രവർത്തിക്കാതാകുകയും, മുറിവ് ഉണങ്ങാൻ ബുദ്ധിമുട്ടാകുകയും കോശങ്ങൾക്ക് കേടുവരികയും ചെയ്യുന്നു.

5. പരിക്കുകൾ (ട്രോമ)

ചിലപ്പോൾ ഗുരുതരമായ പരിക്കുകളോ പൊള്ളലോ അപകടങ്ങളോ ഉണങ്ങാൻ ബുദ്ധിമുട്ടുള്ള മുറിവുകൾ ബാക്കിവെക്കും. ആദ്യത്തെ കേടിന്റെ വലിപ്പം, അണുബാധ, മുറിവിന് ശരിയായ പരിചരണം കിട്ടാത്തത്, അല്ലെങ്കിൽ പരിക്കിന്റെ തന്നെ സങ്കീർണതകൾ എന്നിവ ഇതിന് കാരണമാകാം.

മറ്റ് കാരണങ്ങൾ

  1. അണുബാധ – മുറിവിലെ ബാക്ടീരിയ ഉണങ്ങൽ വൈകിപ്പിക്കുകയും ചുറ്റുമുള്ള ഭാഗങ്ങളിലേക്ക് പടരുകയും ചെയ്യാം
  2. പോഷകക്കുറവ് – കോശങ്ങൾ ഉണ്ടാകാനും കേടുപാട് തീരാനും ശരീരത്തിന് ചില പ്രത്യേക പോഷകങ്ങൾ വേണം
  3. അനങ്ങാതിരിക്കൽ – ചലനക്കുറവ് രക്തയോട്ടം കുറയ്ക്കുന്നു
  4. പ്രായം – പ്രായമായവരുടെ ചർമ്മം പതുക്കെയേ ഉണങ്ങൂ
  5. പുകവലി – രക്തയോട്ടം വളരെയധികം കുറയ്ക്കുന്നു
  6. അമിതവണ്ണം – കോശങ്ങളിലെ സമ്മർദ്ദം കൂട്ടുകയും രക്തയോട്ടത്തെ ബാധിക്കുകയും ചെയ്യുന്നു
  7. വൃക്കരോഗം (കിഡ്നി രോഗം) – മുറിവ് ഉണക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്നു
  8. പ്രതിരോധശേഷിക്കുറവ് – അണുബാധയെ ചെറുക്കാനോ ഉണങ്ങലിനെ സഹായിക്കാനോ കഴിയില്ല

ഉണങ്ങാത്ത മുറിവുകൾ എങ്ങനെ ചികിത്സിക്കുന്നു?

ഉണങ്ങാത്ത മുറിവുകളുടെ ചികിത്സ എല്ലാ വശങ്ങളും പരിഗണിച്ചും ഓരോരുത്തർക്കും യോജിച്ച രീതിയിലുമാണ്. ഞങ്ങൾ ചെയ്യുന്നത് ഇങ്ങനെയാണ്:

ഘട്ടം 1: വിശദമായ പരിശോധന

രോഗി ഇതുവരെ എടുത്ത എല്ലാ ചികിത്സകളും ഞങ്ങൾ നോക്കുകയും പൂർണ്ണമായ ഒരു വൈദ്യപരിശോധന നടത്തുകയും ചെയ്യും. മുറിവ് ഉണങ്ങാത്തതിന്റെ അടിസ്ഥാന കാരണങ്ങൾ ഞങ്ങൾ കണ്ടെത്തും. രക്തക്കുഴലുകൾ, രക്തയോട്ടം, രക്തക്കുഴലുകളുടെ മൊത്തത്തിലുള്ള ആരോഗ്യം എന്നിവ ശ്രദ്ധയോടെ പരിശോധിക്കും.

ഘട്ടം 2: വിശദമായ ടെസ്റ്റുകൾ

ഇവ മനസ്സിലാക്കാൻ ഞങ്ങൾ കൂടുതൽ ടെസ്റ്റുകൾ ചെയ്യും:

  1. മുറിവിൽ ഏതെങ്കിലും ബാക്ടീരിയ ഉണ്ടെങ്കിൽ, അത് ഏതാണ്
  2. ഏത് ആന്റിബയോട്ടിക്കുകളാണ് ഏറ്റവും ഫലപ്രദം
  3. രക്തക്കുഴലുകളുടെ അവസ്ഥ (അൾട്രാസൗണ്ട് സ്കാൻ അല്ലെങ്കിൽ ആൻജിയോഗ്രാഫി പോലുള്ള പരിശോധനകളിലൂടെ)
  4. ഗുരുതരമായ മറ്റെന്തെങ്കിലും അസുഖം ഉണ്ടോ എന്ന്

എല്ലിനെ ബാധിച്ചിട്ടുണ്ടോ, മറ്റ് സങ്കീർണതകൾ ഉണ്ടോ എന്നറിയാൻ സി.ടി. അല്ലെങ്കിൽ എം.ആർ.ഐ. സ്കാൻ ചെയ്യാൻ പറഞ്ഞേക്കാം. ഓരോ രോഗിയുടെയും മുറിവും സാഹചര്യവും അനുസരിച്ചാണ് ടെസ്റ്റുകൾ തീരുമാനിക്കുന്നത്.

ഘട്ടം 3: ശരിയായ പോഷണം ഉറപ്പാക്കൽ

മുറിവ് ഉണങ്ങാൻ ശരീരത്തിന് ആവശ്യത്തിന് പോഷണം വേണം. രോഗികൾക്ക് ആവശ്യത്തിന് പ്രോട്ടീനും വിറ്റാമിനുകളും ധാതുക്കളും കിട്ടുന്നുണ്ടോ എന്ന് ഞങ്ങൾ പരിശോധിക്കും. പോഷകക്കുറവ് കണ്ടാൽ, ഉണങ്ങലിനെ സഹായിക്കാൻ പോഷക സപ്ലിമെന്റുകൾ നിർദ്ദേശിക്കും.

ഘട്ടം 4: രക്തയോട്ടത്തിലെ പ്രശ്നങ്ങൾ പരിഹരിക്കൽ

രക്തയോട്ടത്തിലെയും പ്ലാസ്മയിലെയും പ്രശ്നങ്ങൾ ഞങ്ങൾ ചികിത്സിക്കും. മുറിവ് ഉണങ്ങാൻ ആവശ്യമായ ഓക്സിജനും പോഷകങ്ങളും അതിന് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കും.

ഘട്ടം 5: മുറിവ് വൃത്തിയാക്കി ഒരുക്കൽ

മുറിവിനു ചുറ്റുമുള്ള ചത്ത കോശങ്ങൾ (മൃതകോശങ്ങൾ, നെക്രോട്ടിക് ടിഷ്യു) മുറിവ് ഉണങ്ങുന്നത് തടയുന്നു. കൃത്യമായ ഇടവേളകളിൽ ഡ്രസ്സിംഗ് മാറ്റുമ്പോൾ ഞങ്ങൾ മുറിവ് ശ്രദ്ധയോടെ വൃത്തിയാക്കുകയും ചത്ത കോശങ്ങൾ നീക്കം ചെയ്യുകയും ചെയ്യും. ചത്ത കോശങ്ങൾ വളരെ കൂടുതലുള്ള ഗുരുതരമായ മുറിവുകളിൽ, സർജറിയിലൂടെ അവ നീക്കം ചെയ്ത് മുറിവ് ഉണങ്ങാൻ ഏറ്റവും നല്ല സാഹചര്യം ഒരുക്കിയേക്കാം.

ചികിത്സാ രീതികൾ

മുറിവ് ഉണങ്ങാത്തതിന്റെ കാരണം മനസ്സിലായിക്കഴിഞ്ഞാൽ, ഓരോരുത്തർക്കും യോജിച്ച ഒരു ചികിത്സാ പദ്ധതി ഞങ്ങൾ തയ്യാറാക്കും. സാധാരണ ചികിത്സാ രീതികൾ ഇവയാണ്:

1. സർജറിയില്ലാത്ത ചികിത്സ (കൺസർവേറ്റീവ് മാനേജ്മെന്റ്)

സർജറി ഇല്ലാതെ, മുടങ്ങാതെയുള്ള ശരിയായ മുറിവ് പരിചരണമാണിത്. ഇതിൽ ഉൾപ്പെടുന്നവ:

  1. കൃത്യമായ ഇടവേളകളിൽ ഡ്രസ്സിംഗ് മാറ്റൽ
  2. മുറിവ് വൃത്തിയായും നനവോടെയും സൂക്ഷിക്കൽ
  3. അണുബാധ നിയന്ത്രിക്കൽ
  4. പ്രമേഹം, രക്തയോട്ടത്തിലെ പ്രശ്നങ്ങൾ തുടങ്ങിയ അടിസ്ഥാന കാരണങ്ങൾ ചികിത്സിക്കൽ
  5. പോഷണത്തിനുള്ള സഹായം
  6. മുറിവ് എങ്ങനെ മാറുന്നു എന്ന് ശ്രദ്ധയോടെ നിരീക്ഷിക്കൽ

പല മുറിവുകളും ഈ രീതി കൊണ്ട് മാത്രം നന്നായി ഉണങ്ങുന്നു.

2. സർജറി

സർജറിയില്ലാത്ത ചികിത്സ മതിയാകാതെ വരുമ്പോൾ സർജറി വേണ്ടിവരാം. സർജറിയിൽ ചെയ്യാവുന്നവ:

  1. ചത്തതോ കേടുവന്നതോ ആയ കോശങ്ങൾ നീക്കം ചെയ്യൽ
  2. സ്കിൻ ഗ്രാഫ്റ്റ് (രോഗിയുടെ തന്നെ ആരോഗ്യമുള്ള ഭാഗത്തു നിന്ന് എടുക്കുന്ന ചർമ്മം) ഉപയോഗിച്ച് മുറിവ് മൂടൽ
  3. പ്രവർത്തനശേഷിയും രൂപവും തിരികെ കൊണ്ടുവരാനുള്ള റീകൺസ്ട്രക്റ്റീവ് സർജറികൾ

3. നെഗറ്റീവ് പ്രഷർ വൂണ്ട് തെറാപ്പി (NPWT)

നിയന്ത്രിതമായ വലിവ് (സക്ഷൻ) ഉപയോഗിച്ച് മുറിവ് ഉണങ്ങാൻ സഹായിക്കുന്ന ഒരു നൂതന ചികിത്സയാണിത്. ഒരു വാക്വം ഉപകരണവുമായി ബന്ധിപ്പിച്ച പ്രത്യേക ഡ്രസ്സിംഗ് മുറിവിൽ വെക്കുന്നു. പതുക്കെയുള്ള, തുടർച്ചയായ ഈ വലിവ് മുറിവിലെ വെള്ളം നീക്കുകയും, നീര് കുറയ്ക്കുകയും, രക്തയോട്ടം മെച്ചപ്പെടുത്തുകയും, പുതിയ കോശങ്ങൾ വളരാൻ സഹായിക്കുകയും ചെയ്യുന്നു. പല ഉണങ്ങാത്ത മുറിവുകൾക്കും ഈ ചികിത്സ വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

4. നൂതന ഡ്രസ്സിംഗുകളും ബയോളജിക്സും

മുറിവിൽ ഉണങ്ങാൻ സഹായിക്കുന്ന നനവ് നിലനിർത്തുന്ന പ്രത്യേക ഡ്രസ്സിംഗുകൾ ഞങ്ങൾ ഉപയോഗിക്കുന്നു. കോശങ്ങളുടെ കേടുപാട് തീരാൻ സഹായിക്കുന്ന ബയോആക്ടീവ് വസ്തുക്കളും ഇവയിൽ ഉണ്ടാകാം.

5. രക്തക്കുഴലുകളുടെ ചികിത്സ

രക്തയോട്ടക്കുറവാണ് അടിസ്ഥാന കാരണമെങ്കിൽ, രക്തയോട്ടം മെച്ചപ്പെടുത്താനുള്ള ചികിത്സ വേണ്ടിവരാം. ആവശ്യമെങ്കിൽ, ഞങ്ങൾ നിങ്ങളെ ഒരു വാസ്കുലർ സ്പെഷ്യലിസ്റ്റിന്റെ (രക്തക്കുഴൽ വിദഗ്ധൻ) അടുത്തേക്ക് റഫർ ചെയ്യും.

അടിസ്ഥാന കാരണങ്ങൾ ചികിത്സിക്കേണ്ടതിന്റെ പ്രാധാന്യം

മുറിവിന്റെ പുറംഭാഗം മാത്രം ചികിത്സിച്ചാൽ മതിയാകില്ല. പ്രമേഹം നിയന്ത്രണത്തിലല്ലെങ്കിൽ, മുറിവ് ഉണക്കാൻ പ്രതിരോധശേഷി ബുദ്ധിമുട്ടും. രക്തയോട്ടം കുറവാണെങ്കിൽ, പോഷകങ്ങളും ഓക്സിജനും കോശങ്ങളിൽ എത്തില്ല. അണുബാധയുണ്ടെങ്കിൽ, അത് ഉണങ്ങൽ തടയും. അതുകൊണ്ടാണ് മുറിവിനെ മാത്രമല്ല, ആളെ മുഴുവനായും, കാരണമാകുന്ന എല്ലാ കാര്യങ്ങളെയും ഞങ്ങൾ ചികിത്സിക്കുന്നത്.

ചികിത്സയിൽ നിന്ന് എന്ത് പ്രതീക്ഷിക്കാം?

എത്ര സമയമെടുക്കും: മുറിവിന്റെ കാരണം, വലിപ്പം, ആഴം, രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യം എന്നിവ അനുസരിച്ച് ഉണങ്ങാനെടുക്കുന്ന സമയം വളരെ വ്യത്യാസപ്പെടും. ചില മുറിവുകൾ ആഴ്ചകൾക്കുള്ളിൽ മെച്ചപ്പെടും; മറ്റു ചിലതിന് മാസങ്ങളെടുക്കും. ക്ഷമയും മുടങ്ങാത്ത പരിചരണവും പ്രധാനമാണ്.

ചികിത്സയുടെ സമയത്ത്: മുറിവ് പരിശോധിക്കാനും ഡ്രസ്സിംഗ് മാറ്റാനും പതിവായി ക്ലിനിക്കിൽ വരേണ്ടിവരാം. ചില മുറിവുകൾക്ക് ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടിവരും. മരുന്നുകൾ കഴിക്കുക, അപ്പോയിന്റ്മെന്റുകൾക്ക് വരിക, മുറിവ് പരിചരണ നിർദ്ദേശങ്ങൾ പാലിക്കുക എന്നിങ്ങനെ എല്ലാ ഡോക്ടർ നിർദ്ദേശങ്ങളും പാലിക്കുന്നത് ഫലം വളരെ മെച്ചപ്പെടുത്തും.

ഫലം: ശരിയായ വിദഗ്ധ ചികിത്സയിലൂടെ മിക്ക ഉണങ്ങാത്ത മുറിവുകളും വളരെ മെച്ചപ്പെടുത്താനോ പൂർണ്ണമായി ഉണക്കാനോ കഴിയും. രോഗികൾക്ക് വീണ്ടും നടക്കാനും അനങ്ങാനും കഴിയുന്നു, വേദന കുറയുന്നു, സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു.

വീണ്ടും വരാതെ തടയൽ

ഉണങ്ങാത്ത ഒരു മുറിവ് ഉണങ്ങിക്കഴിഞ്ഞാൽ, അത് വീണ്ടും വരാതെ തടയുന്നത് വളരെ പ്രധാനമാണ്. ഇതിനായി:

  1. പ്രമേഹമോ മറ്റ് അടിസ്ഥാന അസുഖങ്ങളോ നന്നായി നിയന്ത്രണത്തിൽ വെക്കുക
  2. പരിക്കുകൾ ഒഴിവാക്കുക
  3. ചർമ്മം വൃത്തിയായും സംരക്ഷിച്ചും സൂക്ഷിക്കുക
  4. നല്ല ഭക്ഷണം കഴിക്കുക
  5. ശരീരം അനങ്ങി പ്രവർത്തിക്കുക
  6. ഡോക്ടറുടെ തുടർ പരിചരണ നിർദ്ദേശങ്ങൾ പാലിക്കുക
  7. പതിവായി ചെക്കപ്പുകൾക്ക് പോകുക

ഇവയുണ്ടെങ്കിൽ കാത്തിരിക്കരുത്:

  1. കുറച്ച് ആഴ്ചകളിൽ കൂടുതലായി ഉണങ്ങാത്ത മുറിവ്
  2. ചെറുതാകുന്നതിനു പകരം വലുതായി വരുന്ന മുറിവ്
  3. ചുവപ്പ്, നീര്, ചൂട് അല്ലെങ്കിൽ വേദന കൂടുന്നത്
  4. പഴുപ്പ്, ദുർഗന്ധം അല്ലെങ്കിൽ പതിവില്ലാത്ത ഒലിപ്പ്
  5. പനി അല്ലെങ്കിൽ പൊതുവെ സുഖമില്ലായ്മ
  6. മുറിവ് കാരണം നടക്കാനോ കാര്യങ്ങൾ ചെയ്യാനോ ബുദ്ധിമുട്ട്

ഒരു മുറിവ് എത്ര കൂടുതൽ കാലം ഉണങ്ങാതെ നിൽക്കുന്നുവോ, അത്രയും സങ്കീർണമാകും. നേരത്തെയുള്ള വിദഗ്ധ ചികിത്സ ഗുരുതരമായ സങ്കീർണതകൾ തടയും. മാസങ്ങളോ വർഷങ്ങളോ ആയി ഉണങ്ങാത്ത ഒരു മുറിവുമായി നിങ്ങൾ ബുദ്ധിമുട്ടുകയാണെങ്കിൽ, നിരാശ തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ മുറിവ് ചികിത്സയിലുണ്ടായ പുരോഗതി കാരണം, ഏറെക്കാലമായി മാറാതെ നിൽക്കുന്ന മുറിവുകൾ പോലും പലപ്പോഴും നന്നായി ചികിത്സിക്കാൻ കഴിയും. തങ്ങളുടെ മുറിവ് ഒരിക്കലും ഉണങ്ങില്ല എന്ന് കരുതിയ പല രോഗികൾക്കും ശരിയായ വിദഗ്ധ ചികിത്സയിലൂടെ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്.

നിങ്ങളുടെ മുറിവല്ല നിങ്ങളുടെ ജീവിതം തീരുമാനിക്കേണ്ടത്. വിദഗ്ധ പരിശോധനയും, എല്ലാ വശവും പരിഗണിക്കുന്ന ചികിത്സയും, ചികിത്സാ പദ്ധതി പാലിക്കാനുള്ള നിങ്ങളുടെ മനസ്സും ഉണ്ടെങ്കിൽ മുറിവ് ഉണങ്ങും.

ഉണങ്ങാത്ത ഒരു മുറിവ് നിങ്ങൾക്കുണ്ടെങ്കിൽ, ഇന്നുതന്നെ ഞങ്ങളെ ബന്ധപ്പെടുക. മുറിവ് ഉണങ്ങുന്നതുവരെ നിങ്ങളോടൊപ്പം ഞങ്ങളുണ്ട്. ഒരുമിച്ച്, ഉണങ്ങാത്ത നിങ്ങളുടെ മുറിവ് നമുക്ക് ഉണക്കിയെടുക്കാം.

എപ്പോൾ ഡോക്ടറെ കാണണം?

അത്യാവശ്യം – ഉടൻ ആശുപത്രിയിൽ പോകുക

  • മുറിവിനു ചുറ്റും ചുവപ്പ് പടരുകയും ഒപ്പം പനിയോ വല്ലാത്ത ക്ഷീണമോ ഉണ്ടാകുകയും ചെയ്താൽ
  • അമർത്തിപ്പിടിച്ചിട്ടും നിൽക്കാത്ത രക്തസ്രാവം
  • മുറിവിനു ചുറ്റുമുള്ള ചർമ്മം കറുത്തോ ചാരനിറത്തിലോ ആകുകയും കഠിനമായ വേദന ഉണ്ടാകുകയും ചെയ്താൽ

1–2 ദിവസത്തിനുള്ളിൽ ഡോക്ടറെ കാണുക

  • മുറിവ് വലുതായി വരുന്നു
  • മുറിവിനു ചുറ്റും വേദന, നീര്, ചുവപ്പ് അല്ലെങ്കിൽ ചൂട് കൂടുന്നു
  • മുറിവിൽ നിന്ന് പഴുപ്പ്, ദുർഗന്ധം അല്ലെങ്കിൽ പതിവില്ലാത്ത ഒലിപ്പ്
  • മുറിവിനു ചുറ്റും തരിപ്പ് അല്ലെങ്കിൽ മരവിപ്പ്

വീട്ടിൽ ശ്രദ്ധിക്കാം, മാറ്റങ്ങൾ ഉണ്ടോ എന്ന് നോക്കുക

  • കാണിച്ചുതന്നതുപോലെ തന്നെ ഡ്രസ്സിംഗ് മാറ്റുക.
  • നന്നായി ഭക്ഷണം കഴിക്കുക. പ്രമേഹമുണ്ടെങ്കിൽ ഷുഗർ നിയന്ത്രണത്തിൽ വെക്കുക.
  • പുകവലി നിർത്തുക.
  • കുറച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും മുറിവ് ഉണങ്ങിയില്ലെങ്കിൽ അപ്പോയിന്റ്മെന്റ് എടുക്കുക.

മുഴുവൻ വായിക്കാം: എപ്പോൾ ഡോക്ടറെ കാണണം?

സംശയങ്ങളുണ്ടോ? വിളിക്കുക, അല്ലെങ്കിൽ വാട്ട്സ്ആപ്പ് ചെയ്യുക

ബുക്ക് ചെയ്യാൻ 86060 29762 എന്ന നമ്പറിൽ വിളിക്കുക, അല്ലെങ്കിൽ വാട്ട്സ്ആപ്പ് ചെയ്യുക. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ അനിദേവ് മറുപടി നൽകും.

വിളിക്കുക 86060 29762